അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സമ്പല്‍സമൃദ്ധമായിരുന്ന ഒരു ഗ്രാമസങ്കല്‍പത്തിന്റെ പൂര്‍ണ്ണതയില്‍ കൈവന്ന മേലേ ഊര് എന്ന സ്ഥലനാമമാണത്രെ കാലക്രമത്തില്‍ മേലൂര്‍ ആയതെന്നും അതല്ലാ, മേന്മയുള്ള ഊര് ആണ് മേലൂര്‍ ആയതെന്നും രണ്ടു പക്ഷം കേള്‍ക്കുന്നു. ടിപ്പുസുല്‍ത്താന്റെ ആക്രമണം തടയാന്‍ നിര്‍മ്മിക്കപ്പെട്ട കോട്ടയും, പ്രാചീന അമ്പലങ്ങളും, കുന്നും കുളങ്ങളും എല്ലാം ചേര്‍ന്ന ദൃശ്യവൈവിധ്യമാര്‍ന്ന പ്രദേശമാണ് മേലൂര്‍. ടിപ്പുസുല്‍ത്താന്റെ ആക്രമണത്തിന് തടയിടാന്‍ കൊച്ചിരാജാവ് ജനങ്ങളുടെ കൂട്ടായ്മയോടെ ഒറ്റ ദിവസം കൊണ്ടാണത്രെ പുഷ്പഗിരി മുതല്‍ പാലക്കാട് വരെ നീണ്ടുകിടക്കുന്ന നെടുംകോട്ട പണി തീര്‍ത്തത്. ആധുനികതയുടെ പടയോട്ടത്തില്‍ ചരിത്രസ്മാരകങ്ങളായി പുഷ്പഗിരിയിലെ വട്ടകോട്ടയും പാലമുറിയിലെ ഒരു സ്തൂപവും ഇന്നും നിലനില്‍ക്കുന്നു. ടിപ്പുവിന്റെ പടയോട്ടത്തില്‍ സമ്പല്‍സമൃദ്ധമായിരുന്ന ഈ പ്രദേശം തച്ചുടയ്ക്കപ്പെട്ടതായി പറയപ്പെടുന്നു. ഇന്നത്തെ പൂലാനിചെട്ടിതോപ്പ് ഭാഗത്ത് കൊത്തുപണി ചെയ്ത കരിങ്കല്‍ പാളികള്‍ പലപ്പോഴും കണ്ടെത്തുന്നുണ്ട്. പൂലാനിയിലെ എടത്രക്കാവ് അമ്പലവും പൈനാട്ടെ അമ്പലവും അക്കാലത്തെ മനവക അമ്പലങ്ങളായിരുന്നന്ന് കരുതുന്നു. അക്കാലത്ത് കൂനഞ്ചേരി ഭാഗത്തെ കടവില്‍ ആറാട്ടു നടത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. 

                                           കൊച്ചിരാജവംശത്തിന്റെ കീഴിലുള്ള മുരിങ്ങൂര്‍ പാത്തിശ്ശേരി മന, പൂവ്വത്തടി മന, താക്കിപ്പിള്ളി മന, പുലാനി, അടിച്ചിലി കോവിലകം, കാലടി ദേവസ്വം എന്നീ ജന്മികേന്ദ്രങ്ങളായിരുന്നു ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ അധീനപ്പെടുത്തിവച്ചിരുന്നത്. രാജകുടുംബം ഇവര്‍ക്ക് പാട്ടത്തിന് കൊടുക്കുകയും ഇവര്‍ കുടിയാന്മാര്‍ക്ക് കീഴ്പാട്ടത്തിന് ഭൂമി പകുത്തു നല്‍കുകയും ചെയ്തിരുന്നു. എപ്പോള്‍ ജന്മി തിരിച്ചാവശ്യപ്പെടുന്നുവോ അപ്പോള്‍ തന്നെ കുടിയാന്‍ തന്റെ സ്വന്തം ചിലവില്‍ പ്രമാണം എഴുതി ഒഴിഞ്ഞുകൊടുത്തുകൊള്ളണം എന്നായിരുന്നു വ്യവസ്ഥ. കൊയ്ത്തുകഴിഞ്ഞാല്‍ കുടിയാന്‍ ഉണക്ക് തീര്‍ത്ത് ജന്മിയുടെ അറമുഖത്ത് അത് എത്തിച്ചുകൊടുത്തുകൊള്ളണം. ഇങ്ങനെ ശേഖരിക്കപ്പെട്ടിരുന്ന നെല്ല് മുഴുവന്‍ പുഴുങ്ങി ഉരലില്‍ ഇട്ട് കുത്തി പേറ്റി അരിയാക്കി കൊടുക്കേണ്ടതും കുടിയാന്റെ ബാധ്യതയായിരുന്നു. നെല്ല് കുത്തുന്ന സ്ഥലം പാര്‍വത്യാര്‍ വീടുകളില്‍ ചെന്ന് അറിയിക്കണം. പാര്‍വത്യാര്‍വീട്ടില്‍ ആളില്ലെങ്കില്‍ കുടിയാന്‍ ഒരു വാഴക്കണം വെട്ടി ചുവരില്‍ ചാരിപ്പോരും. പിറ്റേദിവസം തന്നെ വീട്ടുകാരന്‍ വിവരം തിരക്കി അറിഞ്ഞിരിക്കണം. നെല്ല് പുഴുങ്ങി കുത്തി സൌജന്യമായി ചെയ്തുകൊടുത്തിരുന്ന ഈ സമ്പ്രദായത്തെ പണ്ടാരനെല്ലുകുത്ത് എന്ന് വിളിച്ചിരുന്നു. അക്കാലത്ത് രാജാവിന്റെ ആന കുഴിയില്‍ വീണാല്‍ ആനയെ നാട്ടുകാര്‍ കേട്ടറിഞ്ഞുചെന്നു കരകയറ്റിക്കൊള്ളണം. ആനക്കിടുന്ന തലവക പിടിക്കാനുള്ള അവകാശം മേലൂര്‍കാര്‍ക്കും കടവക പിടിക്കാനുള്ള അവകാശം പരിയാരത്തുകാര്‍ക്കും മാത്രമായിരുന്നത്രെ.

                                       പ്രകൃതിയെമാത്രം ആശ്രയിച്ചുള്ള കൃഷിയായിരുന്നു അന്നുണ്ടായിരുന്നത്. ഞാല്, വിരിപ്പ് എന്നിവയായിരുന്നു പ്രധാനയിനം കൃഷികള്‍. വളരെ വിരളമായിമാത്രം തുലാവുകൊണ്ട് തേവി പുഞ്ച പണിതിരുന്നു. കാളകളെ പൂട്ടി കാളതേക്കും, വേത്തുകുത്തി തേവിയും ജലസേചനം നടത്തിയിരുന്നു. പഴയ വിത്തിനങ്ങളായ അരി മോഡേന്‍, ശീമോഡേന്‍, കറത്തൊറമ്പന്‍, അധിയാന്‍, നകര, ഇട്ടിക്കണ്ടപ്പന്‍, ആര്യന്‍ എന്നീ വിത്തിനങ്ങളായിരുന്നു കൃഷിക്കാരുപയോഗിച്ചിരുന്നത്. കര്‍ഷകന്‍ കൃഷിചെയ്തുണ്ടാക്കുന്ന മരച്ചീനി, കായ, ചേന, ചേമ്പ് എന്നിവ എറണാകുളം, പറവൂര്‍, കോട്ടപ്പുറം എന്നീ സ്ഥലങ്ങളിലെത്തിച്ചിരുന്നത് ചാലക്കുടി പുഴയെന്ന ഏകമാര്‍ഗ്ഗത്തില്‍കൂടി വള്ളങ്ങളില്‍ കൊണ്ടുപോയിട്ടായിരുന്നു. ഈ വള്ളങ്ങളില്‍ തന്നെയായിരുന്നു മടക്കയാത്രയില്‍ ഉപ്പ്, മുളക് തുടങ്ങിയ അവശ്യസാധനങ്ങളും റേഷനും നാട്ടില്‍ എത്തിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ നാളുകളില്‍ മണ്ണെണ്ണ ഉള്‍പ്പടെ പലവ്യഞ്ജനാധനങ്ങള്‍ക്ക് വളരെയേറെ നിയന്ത്രണവും ക്ഷാമവും നേരിട്ടു. ഇക്കാലത്ത് ജനങ്ങള്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഭക്ഷണമാക്കുകയും മരോട്ടി, പുന്ന, ഓട എന്നിവയുടെ എണ്ണയെടുത്ത് കത്തിച്ച് വെളിച്ചത്തിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു. യുദ്ധാരംഭത്തില്‍ അരി ഇറക്കുമതി നിലച്ചതിനെതുടര്‍ന്ന് ഭക്ഷ്യക്ഷാമം രൂക്ഷമാവുകയുണ്ടായി. ആദ്യമായി സ്റ്റാറ്റ്യൂട്ടറി റേഷന്‍സമ്പ്രദായം നിലവില്‍ വന്നു. എട്ടൌണ്‍സ് റേഷന്‍ വളരെ കൃത്യമായിരുന്നു. ഭക്ഷ്യക്ഷാമത്തെ നേരിടാന്‍ ഗ്രോ മോര്‍ ഫുഡ് എന്ന പദ്ധതിയും നടപ്പിലാക്കി. ഗോതമ്പ്, ബജ്റ എന്നിവ ഭക്ഷിക്കാന്‍ അന്നുള്ളവര്‍ ശീലിച്ചു. ചെറുപ്പക്കാര്‍ നാട്ടിന്‍പുറങ്ങളില്‍ നിന്നും പട്ടാളത്തില്‍ ചേരാന്‍ തുടങ്ങി. തളര്‍ന്ന സാമ്പത്തികമേഖല അങ്ങനെ പുതുജീവന്‍ വയ്ക്കാന്‍ ഇത് സഹായകമായി. അതുവരെ ഇല്ലാതിരുന്ന രീതിയില്‍ സാധാരണക്കാരുടെ ഇടയിലേയ്ക്ക് പണം എത്തിച്ചേരാന്‍ തുടങ്ങിയതോടെ സാമ്പത്തികരംഗത്ത് അല്‍പം ഉണര്‍വ്വ് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇത് സ്വാതന്ത്ര്യലബ്ധി വരെ തുടരുകയും ചെയ്തിരുന്നു. 

                                ഇവിടെ മുഴങ്ങിയ അക്രമപ്പാട്ടം വെട്ടിക്കുറയ്ക്കുക, കുടിയൊഴിപ്പിക്കല്‍ നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ അയല്‍ഗ്രാമങ്ങളിലെ കര്‍ഷകസമരങ്ങള്‍ക്കുകൂടി കരുത്ത് പകര്‍ന്നിട്ടുണ്ട്. കെ.എസ്.ദാമോദരന്‍, കെ.വി.കുമാരന്‍, പി.വി.കൊച്ചുകറുപ്പന്‍, ഇ.കെ.വേലായുധന്‍, ഗോപാലന്‍ കറ്റുകണ്ടത്തില്‍, നാരായണന്‍ മണക്കാട്ടില്‍ എന്നിവരായിരുന്നു ആ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. വിപ്ലവത്തിനു പാതയൊരുക്കാന്‍ കുന്നപ്പിള്ളി കേന്ദ്രമാക്കി നവോദയ നടന കലാസമിതി എന്ന പേരില്‍ ഒരു നാടകസംഘത്തിന് രൂപം നല്‍കുകയും ചെയ്തു. അക്കാലത്ത് പഞ്ചായത്തിന് പുറത്ത് പുല്ലൂരിലും നാടകം അവതരിപ്പിക്കുകയുണ്ടായി. പുല്ലൂരില്‍ ഈ നാടകം അവതരിപ്പിച്ച് നാലാം ദിവസമാണ് പരിയാരത്തെ ഇഞ്ചക്കുണ്ടില്‍ നിലമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ശങ്കുണ്ണി ഇന്‍സ്പെക്ടര്‍ കൊലചെയ്യപ്പെടുന്നത്. നാടകസമിതിയിലെ അംഗങ്ങളായ പി.വി.കൊച്ചുകറപ്പന്‍, കെ.വി.കുമാരന്‍, കെ.കെ.ഗോപാലന്‍, കെ.എസ്.ദാമോദരന്‍, സി.പി.ഗോപാലന്‍, നാരായണന്‍ മാക്കാട്ടില്‍, എന്‍.എ.കുഞ്ചു എന്നിവരെ പ്രതികളാക്കി കേസ്സ് റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഈ ഘട്ടത്തില്‍ തന്നെയാണ് നാരയണീയപ്രസ്ഥാനവും ശക്തിയാര്‍ജിച്ചത്. അയിത്തം, തീണ്ടല്‍ തുടങ്ങിയ സാമൂഹികനാചാരങ്ങള്‍ക്കെതിരേയുള്ള പടപ്പുറപ്പാടും ഇവര്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. സാധാരണജനങ്ങള്‍ക്ക് ജാതിമതഭേദമെന്യേ പൊതുവഴിയില്‍ കൂടി നടക്കാനുള്ള അവകാശസമരങ്ങള്‍ ഈ കാലഘട്ടത്തിലാണ് ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടിയായി അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ലാതിരുന്ന എടത്രക്കാവ് അമ്പലപരിസരത്ത് പൊതുജനങ്ങള്‍ പ്രവേശിക്കുന്നതിന് ആഹ്വാനം ചെയ്ത് അക്കാലത്ത് ഒരു നോട്ടീസ് ഇറക്കിയത് വലിയൊരത്ഭുതസംഭവമായിരുന്നു. ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചത് അന്നത്തെ വിപ്ലവകാരികളില്‍ ഒരാളായ മാളിയേക്കല്‍ ചാക്കോ എന്നയാളാണെന്ന് പറയപ്പെടുന്നു. തുടര്‍ന്നു വന്ന ക്ഷേത്രപ്രവേശന സമരങ്ങളുടെ നാന്ദിയായി ഇത് ഭവിച്ചു. ഇരിങ്ങാലക്കുട കുട്ടംകുളം സമരത്തിലേക്ക് ഇവിടെനിന്ന് കര്‍ഷകസംഘത്തിന്റെയും നാരയണീയപ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരായി ഇരുപതോളമാളുകള്‍ പങ്കെടുത്തിരുന്നു. സമാനസ്വഭാവമുള്ള ചാലിയന്‍ സത്യാഗ്രഹത്തിലേക്കും ഇവര്‍ പോവുകയുണ്ടായി. ഈ കാലഘട്ടത്തില്‍ സവര്‍ണ്ണര്‍ക്കെതിരെയുള്ള ഒരു വെല്ലുവിളിയുടെ ഭാഗമായാണ് പൂലാനി ശ്രീ സുബ്രഹ്മണ്യക്ഷേത്രം രൂപംകൊള്ളുന്നത്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പുതന്നെ രാഷ്ട്രീയരംഗത്ത് കടന്നുവന്ന് രണ്ടുതവണ കൊച്ചി നിയമസഭയില്‍ അംഗമായിരുന്നയാളാണ് അഡ്വ.ഐ.വി.മൂത്തേടന്‍. അദ്ദേഹം അന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ അംഗീകരിച്ചതിനെതുടര്‍ന്നാണ് എല്ലാ നികുതിദായകര്‍ക്കും വോട്ടവകാശം ലഭിച്ചത്. പേപ്പല്‍ ബഹുമതിയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 

                             സ്വാതന്ത്ര്യത്തിന്റെ തൊട്ടടുത്ത നാളുകളില്‍ തന്നെ കൊച്ചി നിയമസഭയില്‍ എത്തിയ മറ്റൊരു വ്യക്തിയായിരുന്നു കെ.കേശവന്‍ വക്കീല്‍. സ്വാതന്ത്ര്യസമരത്തിലെ ദേശീയനേതാക്കളുമൊത്ത് പ്രവര്‍ത്തിച്ച സമരസേനാനികളില്‍ മേലൂക്കാരായ സി.കെ.എസ്.നമ്പിടിയും, കല്ലേലി കുഞ്ചാക്കോവും പ്രഥമസ്ഥാനം വഹിക്കുന്നു. 1940-കളിലെ പ്രജാമണ്ഡലം പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിത്വഭരണത്തിനും വേണ്ടി നിയോജകമണ്ഡലം തലത്തില്‍ നെറ്റിക്കാടന്‍ ചാക്കുര്യ, സി.പി.ഫ്രാന്‍സിസ് മാസ്റ്റര്‍, കെ.എല്‍.അന്തപ്പന്‍, സി.ശങ്കുപ്പണിക്കര്‍ എന്നിവര്‍ നേതൃത്വം കൊടുക്കുകയും ഇവരില്‍ ചിലര്‍ കരുതല്‍ തടങ്കല്‍ പ്രകാരം ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1940-കളില്‍ മഹാത്മാഗാന്ധി ചാലക്കുടി പുത്തുപറമ്പില്‍ ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുത്തുസംസാരിച്ചിരുന്നു. പ്രസംഗം തര്‍ജ്ജമ ചെയ്തുകൊടുത്തത് ചൊവ്വര പരമേശ്വരന്‍ എന്ന പ്രശസ്തവാഗ്മിയായിരുന്നു. 1953-ലെ മദ്യവര്‍ജ്ജനസമരവും ഇവിടുത്തെ ജനപങ്കാളിത്തവും വലുതായിരുന്നു. പി.എല്‍.480 എന്നറിയപ്പെട്ടിരുന്ന വിദേശ സഹായപദ്ധതി അനുസരിച്ച് ഇന്ത്യയിലുടനീളം ലഭ്യമായ ഭക്ഷ്യോല്‍പന്നങ്ങളുടെ ലഭ്യത ഇന്നാടിനേയും അനുഗ്രഹിച്ചു. 1957-ല്‍ ആദ്യസര്‍ക്കാരിന്റെ പിറവിയോടെ രാഷ്ട്രീയ സാമൂഹ്യഘടനയില്‍ വലിയ മാറ്റങ്ങള്‍ ദൃശ്യമായി. കുന്നും മലയുമായി കിടന്ന തരിശുഭൂമികള്‍ കനകം വിളയുന്ന നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളുമായിത്തീര്‍ന്നു. 

                                       ആദ്യകാലപഞ്ചായത്തിനെ ഗ്രൂപ്പ് വില്ലേജ് പഞ്ചായത്ത് എന്നാണ് പറഞ്ഞിരുന്നത്. 1930-ലാണ് ആദ്യത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭൂനികുതി അടയ്ക്കുന്ന വളരെ കുറച്ചുപേരില്‍ നിന്ന് കൈപൊക്കി വോട്ടുരേഖപ്പെടുത്തിയായിരുന്നു പ്രസിഡന്റിനെ നിശ്ചയിച്ചിരുന്നത്. രേഖകള്‍ പ്രകാരം ആദ്യത്തെ പ്രസിഡന്റ് നമ്പ്യാരുവീട്ടല്‍ കുഞ്ചുമേനോനാണ്. കൊരട്ടി പള്ളിയില്‍ നിന്നും പിരിഞ്ഞ ഇടവകപ്പള്ളിയാണ് മേലൂര്‍ സെന്റ് ജോസഫ് പള്ളി. ഇവരുടെ ശ്രമഫലമായാണ് 100 വര്‍ഷം പഴക്കമുള്ളതും ആദ്യസ്കൂളുമായ മേലൂരിലെ സെന്റ് ജോസഫ്സ് എല്‍.പി.എസ് 1897-ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ടാമത്തേതായ പുലാനിയിലെ വി.ബി.എല്‍.പി.സ്കൂള്‍ 1091-ല്‍ നിലവില്‍ വന്നു. മേലൂരിന്റെ അഭിമാനമായ പി.തോമസ്, കേംബ്രിഡ്ജിലെ ഇന്റര്‍നാഷണല്‍ ബയോഗ്രാഫിക്കല്‍ സെന്റര്‍ 1974-ല്‍ മെന്‍ ഓഫ് അച്ചീവ്മെന്റ് എന്ന അന്താരാഷ്ട്ര ബഹുമതി നല്‍കി ആദരിച്ച വ്യക്തിയാണ്. ഇംഗ്ളീഷില്‍ ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങള്‍ പലതും മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുമുണ്ട്. നിശബ്ദവിപ്ളവമെന്ന് അറിയപ്പെടുന്ന അയിത്തോച്ചാടനവും പ്രായപൂര്‍ത്തിവോട്ടവകാശവുമാണ് സമൂഹത്തിലെ പിന്നോക്കജാതിക്കാര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് സഹായിച്ചത്.